പരിവർത്തന കഥയും അത് സൃഷ്ടിച്ച പാരമ്പര്യവും

പ്രൊഫ. കല്ലട രാമചന്ദ്രൻ

നവോത്ഥാന കഥാകാരന്മാരായ തകഴിയും ദേവും സോഷ്യൽ റിയലിസത്തിന്റെ കലയാണ് അവതരിപ്പിച്ചത്. അതിൽ നിന്ന് മലയാളകഥയെ ആത്മനിഷ്ഠതയിലേക്ക് കൊണ്ടുവന്ന പ്രധാന എഴുത്തുകാർ എം.ടി.വാസുദേവൻ നായരും, എൻ മോഹനനുമാണ്. എം.ടി.പറയുന്നു മുൻപ് കഥകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന മനുഷ്യരുടെ വയറാണ് പലപ്പോഴും സംസാരിച്ചിരുന്നത്. ഇപ്പോൾ ഹൃദയമാണ് സംസാരിക്കുന്നത്. ഈ ഹൃദയത്തിന്റെ സംസാരം ഈ എഴുതുക്കാരുടെ വരവോടെ പൊടുന്നനെ ഉണ്ടായതാണെന്നും പറഞ്ഞു കൂടാ. സമീപഭൂതകാലത്തിലെ എഴുത്തുകാരുടെ ചില സൃഷ്ടികളിൽഅതിന്റെ നിഴലാട്ടമുണ്ടായിരുന്നതായി കാണാൻ കഴിയും. സാമൂഹിക രാഷ്ട്രീയവശങ്ങൾ പ്രതിപാദിക്കുമ്പോൾ തന്നെ ആത്മനിഷ്ഠതയിലേക്കും ഒരുതരം ഉത്തമപുരുഷ ഏകവചനത്തിലുള്ള ആഖ്യാനരീതിയിലേക്കും അവരുടെ കല എത്തിച്ചേരുന്നുണ്ട്. ബഷീറിന്റെ 'പുവൻപഴം' 'കാരൂരിന്റെ പൊതിച്ചോറ്' ഉറൂബിന്റെ 'രാച്ചിയമ്മ' തുടങ്ങിയ കലാസൃഷ്ടികൾ പെട്ടെന്ന് ഓർമ്മയിൽവരും. എങ്കിലും അൻപതുകളുടെ മദ്ധ്യത്തോടടുപ്പിച്ച് പത്മനാഭനും, എം.ടി.യും മോഹനനും എഴുതിതുടങ്ങിയതോടെയാണ് ആത്മനിഷ്ഠത മലയാളകഥയുടെ മുഖ്യസ്വഭാവമായി മാറിയത്. ഈ എഴുത്തുകാർ മനുഷ്യൻ ഏകാന്തതയിലനുഭവിക്കുന്ന ജീവിതമാണ് കഥയുടെ പ്രധാന വിഷയമാക്കിയത്. ഇവർ കഥപറഞ്ഞു കേൾപ്പിക്കുന്നതിനുപകരം കഥ അനുഭവിപ്പിക്കുവാൻ ശ്രമിച്ചു. ഈ മാറ്റം കഥയെ കവിതയോടടുപ്പിച്ചു. വാക്കുകളെ അനുഭൂതികളാക്കിയാണ് അവർ ഇത് സാധിച്ചത്. എന്നാൽ, ഈ എഴുത്തുകാർ പലപ്പോഴും സെന്റിമെന്റലിസത്തിലേക്ക് വീണിട്ടുണ്ട്. മോഹനൻ സെന്റിമെന്റലിസത്തിന്റെ അടിമ തന്നെയായിരുന്നു. 'കൊച്ചുതിരുമേനി' 'നിന്റെ കഥ എന്റേയും' എന്നീ കഥകൾ അതിന് സാക്ഷ്യം പറയുന്നു.

പത്മനാഭന്റെയും എം.ടിയുടെയും മോഹനന്റെയും കഥകൾ ആധുനിക മനുഷ്യാവസ്ഥയെയും അതിന്റെ പ്രശ്‌നങ്ങളെയും കാല്പനിക സംവേദത്തിലൂടെ അവതരിപ്പിക്കുന്നവയാണ് തകഴിയും ദേവും സമൂഹജീവിയായ മനുഷ്യന്റെ പ്രശ്‌നങ്ങൾ പ്രതിപാദിച്ചപ്പോൾ ഈ എഴുത്തുകാർ ആന്തരികതയുടെ പ്രശ്‌നങ്ങൾ ആവിഷ്‌കരിക്കാനാണ് ശ്രമിച്ചത്. മനുഷ്യന്റെ ഏകാന്തക, പ്രേമഭാംഗത്തിന്റെയും മാനുഷിക ബന്ധങ്ങൾ തകരുന്നതിന്റെയും വേദന എന്നിങ്ങനെയുള്ള പ്രമേയങ്ങൾ, ഭാവഗീതത്തോടടുക്കുന്ന ശൈലിയിൽ ഇവർ ആവിഷ്‌കരിച്ചു. പത്മനാഭന്റെയും എം.ടിയുടെയും മോഹനന്റെയും കഥാപാത്രങ്ങൾ മിക്കവാറും ഏകാകികളാണ്. പത്മനാഭന്റെ കഥകൾ പലപ്പോഴും കൊച്ചുകൊച്ചു സ്വപ്നങ്ങളുടെ തകർച്ചയെ സംക്ഷിപ്തതയും ദാർഡ്യവുമുള്ള രൂപ ശില്പങ്ങളിലൂടെ ധന്യാത്മകമായ ഒരു ശൈലിയിലൂടെ അവതരിപ്പിക്കുന്നവയാണ്. ഏകാന്തതയെയും ആന്തരികതയെയും അതിന്റെ തീവ്രമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനും പത്മനാഭന്റെ കലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 'ഭയം' 'മഖൻ സിംഗിന്റെ മരണം' എന്നീ കഥകൾ ഇതിന് തെളിവുകളാണ്. ഗ്രാമജീവിതത്തിന്റെ നേരെയുള്ള വൈകാരികബന്ധം എഴുത്തുകാരനായ എം.ടി.യുടെ പ്രധാന പ്രശ്‌നമായിരുന്നു. സ്വന്തം ഗ്രാമവും ബാല്യകാല സ്മരണകളും അദ്ദേഹത്തിന്റെ ഹൃദയത്തിൽ കാല്പനികമായ ഗൃഹാതുരത നിറയ്ക്കുന്നു. ഈ മനോഭാവം ഗ്രാമത്തിലേക്കും ഭൂതകാലത്തിലേക്കും മടങ്ങിപ്പോകാനുള്ള ആഗ്രഹമായി വെമ്പലായി എം.ടി.യുടെ ഹൃദയത്തെ കീഴടക്കുന്നു. 'വാരിക്കുഴി' എന്ന കഥയിൽ അദ്ദേഹം ബന്ധനത്തിൽപ്പെടുന്ന മനുഷ്യന്റെ അമർഷമാണ് ചിത്രീകരിക്കുന്നത്. ബന്ധനത്തിൽ നിന്ന് രക്ഷപ്പെടണമെന്നുണ്ട്. പക്ഷേ, അതിന് കഴിയുന്നില്ല. 'ബന്ധനം' എന്ന കഥയിൽ തടവിലെ ഏകാന്തതയാണ് പ്രശ്‌നം. ബന്ധങ്ങൾ തടവറകളാണ്. ഈ ലോകം തന്നെ ഒരുതടവറയാണ് എന്ന ദർശനം ഇതിൽ ധ്വനിച്ചുകിട്ടുന്നു. മോഹനനിൽ ഇതേ ഭാവങ്ങൾ കാല്പനിക മാധുര്യത്തിൽ ആവിഷ്‌കരിക്കപ്പെടുകയാണ്. ഗ്രാമീണമായ മൂല്യങ്ങളോടുള്ള ഗൃഹാതുരത പത്മനാഭനിലും എം.ടി.യിലും എന്നപോലെ ഈ കഥാകൃത്തിലും കാണാം.

ഇങ്ങനെ പത്മനാഭനും എം.ടിയും മോഹനനും ആധുനിക കഥാകൃത്തുക്കൾ കാല്പനിക വിരുദ്ധമായ മനോഭാവത്തിലൂടെ ആവിഷ്‌കരിക്കുന്ന ദാർശനിക പ്രശ്‌നങ്ങൾ തന്നെയാണ് അവരുടെ കലാസൃഷ്ടികളിൽ അവതരപ്പിച്ചത്. ഇവരുടെ രചനകൾ റിയലിസത്തിന്റെ തലത്തിനപ്പുറത്തേക്ക് കടന്നുനില്ക്കുന്നുവെന്നും അങ്ങനെ അവയ്ക്ക് ഭൗതികാതീതമായ ഒരുമാനം കൈവരുന്നുവെന്നുമുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ''അവർ സെന്റിമെന്റിലായി സമീപിച്ച പ്രശ്‌നങ്ങളെ കൂടുതൽ ഉൾക്കാഴ്ചയോടെ, ദാർശിനികമായി, കൂടുതൽ അഗാധമായി, കൂടുതൽ സമചിത്തതയോടെ സമീപിക്കുക എന്നതായിരുന്നു പിൽക്കാല തലമുറയുടെ ''കടമ'' എന്നിങ്ങനെ പരിവർത്തനകഥയും ആധുനിക കഥയും തമ്മിലുള്ള പ്രമേയപരമായ സമാനതയെയും ആവിഷ്‌കരണരീതിയിലെ വ്യത്യസ്തയെയും കുറിച്ച് കാക്കനാടൻ എഴുതിയിട്ടുള്ളത് ഇവിടെ ഓർമ്മിക്കാം. നവോത്ഥാന കഥയ്ക്കും ആധുനിക കഥയ്ക്കുമിടയിൽ വരുന്ന ഈ പരിവർത്തനദശയിലെ കഥകളുടെ സവിശേഷതകൾ ഇനിയും പുതിയ കാഴ്ചപ്പാടോടുകൂടിയ വിശദമായ പഠനം ആവശ്യപ്പെടുന്നുണ്ട്.

ടി പത്മനാഭനും എം.ടി.യും മോഹനനും മലയാളകഥയിൽ ഒരു പാരമ്പര്യം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തിയുടെ ഏകാന്തതയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും മാറിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളും ഈ പാരമ്പര്യത്തിന്റെ മുഖ്യഭാവങ്ങളാണ്. ആധുനികർക്ക് തൊട്ടുപിന്നാലെ വന്ന ഇ.വി.ശ്രീധരനിലും ശത്രുഘ്‌നനിലും യു.കെ.കുമാരനിലും ഇ.ഹരികുമാറിലും ഈ പാരമ്പര്യം പ്രതിഫലിക്കുന്നതു കാണാം. ശ്രീധരന്റെ കഥകളിൽ ഏകാകികളായ കഥാപാത്രങ്ങങ്ങളുടെ പ്രശ്‌നങ്ങൾ അവതരിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രസൃഷ്ടി പത്മനാഭന്റെ കലയെയോ എം.ടി.യുടെ കലയെയോ ഓർമ്മിപ്പിക്കുന്നു. എന്നാൽ സ്വന്തമായ ഒരു ലോകം ശ്രീധരൻ സൃഷ്ടിക്കുകയും ചെയ്യുന്നു. എം.ടി.യുടെ കഥാലോകത്തിന്റെ ഒരു നീട്ടിവയ്ക്കൽ പോലെയാണ് ശത്രുഘ്‌നന്റെ കഥകൾ പ്രത്യക്ഷപ്പെടുന്നത്. യു.കെ.കുമാരൻ ചില പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ അവരിൽ കാണാൻ കഴിയുന്നത് പത്മനാഭന്റെയും എം.ടി.യുടെയും കഥകളുടെ അന്തരീക്ഷമാണ്. ഇ.ഹരികുമാർ മനുഷ്യബന്ധങ്ങളെ കാല്പനികമായ കാഴ്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്. എം.ടി.യുടേയോ മോഹനന്റേയോ കഥാലോകങ്ങളുടെ വർണ്ണങ്ങൾ ഈ കഥാകൃത്തിന്റെ രചനകളിലും കാണാം. പൊതുവെ ഇവരുടെ കഥകൾ ആധുനികരുടെയും ഉത്തരാധുനികരുടെയും കഥകളിൽ നിന്ന് വേറിട്ടുനിൽക്കുകയും കഥകളിലുടനീളം ഭാവഗീതത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് പരിവർത്തനഘട്ടത്തിലെ നമ്മുടെ പ്രമുഖ ചെറുകഥാകാരന്മാരായ പത്മനാഭനും എം.ടി.യും മോഹനനും പ്രകടിപ്പിച്ച സംസ്‌കാരത്തിന്റെ പിൻതുടർച്ചയാണ്. അതുകൊണ്ട് പരിവർത്തനകഥാകാരന്മാരുടെയും ആധുനിക കഥാകാരന്മാരുടേയും കാര്യത്തിലെന്നപോലെ ഇവരുടെ കഥകൾക്കും ഗൗരവപൂർവ്വമായ മൂല്യനിർണ്ണയം അനിവാര്യമായിരിക്കുന്നു.

വാരാന്ത്യ കൗമുദി - 1998 സെപ്റ്റമ്പർ 6